തൃശൂർ: കേരളത്തിലെ റെയിൽവേ വികസനത്തിന് 3,100 കോടി രൂപ നേരത്തേ അനുവദിച്ചിട്ടുണ്ടെന്നു റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പിഎസി) ചെയർമാൻകൂടിയായ പി.കെ. കൃഷ്ണദാസ്. തൃശൂർ റെയിൽവേ സ്റ്റേഷനുമാത്രം 460 കോടി രൂപ വകയിരുത്തി. വിമാനത്താവള മാതൃകയിലുള്ള നിർമിതി എട്ടു റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കും.
മംഗലാപുരം -ഷൊർണൂർ റെയിൽപ്പാത നാലുവരിയും ഷൊർണൂർ - എറണാകുളം പാത മൂന്നുവരിയും ഷൊർണൂർ- കന്യാകുമാരി പാത നാലുവരിയുമാക്കും. ട്രെയിന്റെ വേഗത്തിനു തടസംനിൽക്കുന്ന വളവും തിരിവുമുള്ള ട്രാക്കുകൾ നേരെയാക്കാൻ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്.
വന്ദേഭാരതിൽ സ്ലീപ്പർക്ലാസ് കൊണ്ടുവരും. ഹ്രസ്വദൂരസർവീസിനുവേണ്ടി കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനുപകരം കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കും. ലെവൽക്രോസിനു പകരം ഓവർബ്രിഡ്ജ് സംവിധാനം നടപ്പാക്കും. ഇതിനായുള്ള ശ്രമങ്ങൾ സംസ്ഥാനസർക്കാർ വേണ്ടവിധം നടത്തിയിട്ടില്ലെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.